മാരിയാട്ട്കാരന്‍.

By Ahammed Kabeer Mariyad

വെള്ളക്കാരുടെ പീരങ്കികള്‍ക്ക് മുമ്പില്‍ നിരായുധരായി നെഞ്ചുവിരിച്ച് പോരാടി മൃത്യു വരിച്ച ധീരദേശാഭിമാനികളുടെ ചരിത്രം എഴുതപ്പെട്ട പൂക്കോട്ടൂരില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലത്തിലാണ് പ്രസിദ്ധിയും കുപ്രസിദ്ധിയും നിറഞ്ഞ ഞങ്ങളുടെ മാരിയാട് എന്ന ഗ്രാമം.ഇവിടെ പിച്ച വച്ച് വളര്‍ന്നവരാരും കുപ്രസിദ്ധി നേടിയവരല്ല. വരുത്തന്‍മാരാണ് അതിന്റെ മുഖ്യ പങ്ക് വഹിച്ചിട്ടുള്ളത്.

കോല്‍ക്കളിയുടെ താളവും ഇശലിന്റെ ഈരടികളും കൊണ്ട് വസന്തം തീര്‍ത്ത മാപ്പിള ഗ്രാമം.അവര്‍ നിഷ്കളങ്കമായ ഒരു ജനതയാണ്. അതിനാല്‍ മഹിമയും മാഹാത്മ്യവും പറഞ്ഞ് വരുന്നവരെ ഇരു കയ്യും നീട്ടി സ്വീകരിക്കും. അത്തരം സ്വീകരണങ്ങളെ മാരിയാട്ടുകാര്‍ ഇനിയെങ്കിലും ചിന്തിച്ച് ചെയ്യേണ്ടതാണ്. പല സ്വീകരണത്തിനും പിന്നീട് വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്.കലയും കളിയും നെഞ്ചേറ്റിയ പാരമ്പര്യമാണ് ഞങ്ങള്‍ക്കെന്നും പറയാനുള്ളത്.സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ കലയെ ആയുധമാക്കി നാട്യങ്ങളില്ലാതെ പ്രതികരിച്ചവരാണവര്‍. ഒരുപാട് എഴുതിയിട്ടുണ്ട് നാടിനെ കുറിച്ച്,എത്ര എഴുതിയാലും വറ്റാത്ത ഉറവയാണ് എന്റെ നാട്.
രാഷ്ട്രീയക്കാരും അരാഷ്ട്രീയ വാദികളും യഥേഷടമുണ്ടെങ്കിലും നാട്ടില്‍ എല്ലാവരുടെയും അത്താണിയായി പ്രവര്‍ത്തിക്കുന്ന മാസ്ക് ക്ലബ്ബും ജന സേവനം കൊണ്ട് വ്യത്യസ്തരായ യോയോസും ന്യൂജന്‍ സടുഗുഡുവും വാഴുന്ന മണ്ണ്. വടം വലിയും കാല്‍പന്തുകളിയും തകര്‍ത്താടുന്ന കായിക പ്രേമികളുടെയും സാഹിത്യവും അഭിനയവും കൈമുതലാക്കിയ കലാകാരന്‍മാരുടെ ഊര്.
തിരശ്ശീലക്ക് പിന്നില്‍ ഒളിപ്പിച്ചു വെച്ചൊരു നാടകമുണ്ട് മാരിയാടിന്റെ ചരിത്രത്തില്‍.അതൊന്ന് പൊടി തട്ടിയെടുത്തു അരങ്ങിലെത്തണം.
ഓരോ സ്കൂള്‍ വാര്‍ഷികവും വരുമ്പോള്‍ പഴയ ആളുകള്‍ സ്ത്രീ പുരുഷ വിത്യാസമില്ലാതെ ആവേശത്തോടെ ചോദിക്കാറുണ്ട് ഇക്കുറി നേര്‍ച്ചക്കോഴി ഉണ്ടാവോന്ന്..എന്താണതിലിത്ര ഒളിഞ്ഞു കിടക്കുന്നത്.കാലങ്ങളായി അറിയാനാഗ്രഹിക്കുന്നതാണത്.KMD യുടെ ആ നല്ലൊരു രചനയെ പുറത്ത് കൊണ്ട് വരണം.

#മാരിയാട്
അത് വെറുമൊരു സ്ഥലപ്പേര് മാത്രമല്ല.അതൊരു വികാരമായി ഇടനെഞ്ചില്‍ സൂക്ഷിക്കുന്നവരാണ് ഞങ്ങള്‍.അത് കൊണ്ടുതന്നെയാണ് പലരും പ്രശസ്തിയുടെ കൊടുമുടികള്‍ കേറി പോയപ്പഴും പേരിലാ വികാരം കൊത്തി വെച്ചത്.
പൊതുവെ പല നാട്ടുകാര്‍ക്കും ഞങ്ങള്‍ കച്ചറയാണെന്നാണ് വിലയിരുത്തല്‍.ശരിക്കും ഞങ്ങള്‍ കച്ചറയായതോണ്ടല്ല. ഞങ്ങളുടെ അസ്ഥിത്വത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ പ്രതികരിക്കുന്ന പാരമ്പര്യ സ്വഭാവമാണത്. അതിനു മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ വാണം വിട്ട് ഓടിയ ചിലരാണ് മാരിയാട് എന്ന നല്ല നന്മയുടെയും കലയുടെയും സാഹിത്യത്തിന്റെയും കായികത്തിന്റെയുമെല്ലാം ഭൂമിയെ കിംവദന്തികള്‍ കൊണ്ട് ചീത്തപ്പേര് ചാര്‍ത്താന്‍ മുന്നില്‍ നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *