മാരിയാട്, കായിക പ്രേമികളുടെയും സാഹിത്യവും അഭിനയവും കൈമുതലാക്കിയ കലാകാരന്‍മാരുടെ ഊര്.

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍,നറുകര അംശം വീമ്പൂര് ദേശത്താണ് മാരിയാട് എന്ന കൊച്ചുഗ്രാമം.മഞ്ചേരി മുനിസിപ്പാലിറ്റിയും പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തും ആനക്കയം ഗ്രാമപഞ്ചായത്തും സംഗമിക്കുന്ന പ്രദേശമാണ് മാരിയാട്.പ്രകൃതിസൗന്ദര്യത്തിലും ഒട്ടുപിന്നിലല്ല ഞങ്ങളുടെ നാട്.പ്രശസ്തമായ ആലിയാപറമ്പും കോട്ടമലയും കുറുമ്പിമലയും ഇര്‍പ്പനച്ചിമലയും പാലാമലയുമൊക്കെ ഗജവീരന്‍മാരെപ്പോലെ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്.പാടങ്ങളും ചെറുതോടുകളും സൗന്ദര്യത്തിന്റെ വശ്യത കൂട്ടുന്നുണ്‌ട്. കുഞ്ഞിക്കുളവും പഞ്ചായത്ത് കുളവും പാറക്കല്‍കുഴിയും അടക്കം  നീരാടുവാനുള്ള നീരുറവകള്‍ ഞങ്ങളുടെ നാട്ടിലുണ്ട്.ഭൂരിഭാഗവും മാപ്പിളമാരുടെ സാനിധ്യമായത് കൊണ്ട് മൂന്ന് മദ്റസകളും രണ്ട് ജുമാ മസ്ജിദുകളും രണ്ട് നിസ്കാരപ്പള്ളികളുമുണ്ട്.
രാജ്യം സ്വാതന്ത്രമായ കാലത്ത് തന്നെ സ്കൂളും മാരിയാട് അങ്ങാടിയില്‍ തുടങ്ങിയിരുന്നു.
ഖിലാഫത്ത് സമരവും പൂക്കോട്ടൂര്‍ യുദ്ധവും ഒക്കെ കഴിഞ്ഞ് ബ്രിട്ടീഷ് വിരുദ്ധ മനോഭാവത്തില്‍ ജീവിച്ചവര്, ഇംഗ്ലീഷ് വിദ്യാഭ്യാസ ത്തോട് പുറം തിരിഞ്ഞവരുമായിരുന്നു ഞങ്ങളുടെ പൂര്‍വികര്.കറപുരളാത്ത ദേശസ്നേഹം മുറുകെ പിടിച്ച് ജീവിച്ച ഒരു നാട്.
 പട്ടിണിയും പരിവട്ടവും കൂടപ്പിറപ്പായിരുന്ന കാലത്ത് ഗള്‍ഫിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്ന് കിട്ടിയപ്പോഴാണ് കുറച്ചെങ്കിലും സമ്പത്സമൃദിയിലെത്തിയത്.
 ഒട്ടനവധി ആളുകള്‍ ഗള്‍ഫിന്റെ പറുദീസ തേടിപ്പോയപ്പോഴും ജനിച്ച മണ്ണിനെ വിട്ട് ജീവിക്കാന്‍ ആഗ്രഹിക്കാത്ത യഥേഷ്ടം ആളുകള്‍ നാട്ടില്‍ തന്നെ,കൂലിപ്പണിയും ഗവണ്‍മെന്റ് ഉദ്യോഗവുമായി ജീവിക്കുന്നു.
 1980കള്‍ക്ക് ശേഷം യുവാക്കള്‍ക്കിടയില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സജീവമായെങ്കിലും അതെല്ലാം കളികളും ഗാനമേളകളും കോല്‍ക്കളികളിലുമൊതുങ്ങി പ്രവര്‍ത്തനങ്ങള്‍ നിലച്ച് പോയപ്പോളാണ് എട്ടു വര്‍ഷം മുമ്പ് പൂര്‍ണമായും യുവാക്കളെ അംഗങ്ങളാക്കി ഒരു യുവജന ക്ലബ്ബ് എന്ന ആശയം പലരില്‍ നിന്നായി ഉയര്‍ന്നു വന്നത്. 2009 ഏപ്രില്‍മാസം വിവിധയിടങ്ങളിലായി മീറ്റിംഗുകള്‍ നടക്കുകയും പ്രഥമ മാസ്ക് കമ്മറ്റി നിലവില്‍ വരികയും ഏപ്രില്‍ 14 ന് അങ്ങാടിയില്‍ ഓഫീസോടു കൂടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. തുടക്കം മുതലെ നാടിന്റെ എല്ലാ  മേഖലയിലും ഇടപെടലുകള്‍ നടത്തി ജനകീയമാവുകയും ചെയ്തു.വര്‍ത്തമാന കാല സാഹചര്യങ്ങളില്‍  കക്ഷിരാഷ്ട്രീയത്തിന്നതീതമായി എല്ലാരും ഒരുമിച്ച് നില്‍ക്കുന്ന ഒരു സംഘശക്തിയായി മാരിയാട് ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബ് വളര്‍ന്നിരിക്കുന്നു.

One thought on “മാരിയാട്, കായിക പ്രേമികളുടെയും സാഹിത്യവും അഭിനയവും കൈമുതലാക്കിയ കലാകാരന്‍മാരുടെ ഊര്.

  • November 30, 2017 at 3:14 pm
    Permalink

    എല്ലാ വിധ ഭാവുകളും നേരുന്നു……യോ യോസ് MARIYAD…..

    Reply

Leave a Reply

Your email address will not be published. Required fields are marked *